'മഴ'യത്ത് 'പ്രണയവർണങ്ങ'ളുമായി മലയാളി മനസിലേക്ക് ചേക്കേറിയ ബിജു മേനോൻ!

മലയാളികളുടെ എക്കാലത്തെയും പ്രിയ നടന്മാരിൽ ബിജു മേനോനും ഉണ്ടാകും. ഏകദേശം 30 വർഷത്തിലധികമായി ബിജു മേനോൻ മലയാള സിനിമയുടെ ഭാഗമായിട്ട്. 1994-ൽ പുറത്തിറങ്ങിയ ‘പുത്രൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു ബിജുവിന്റെ അരങ്ങേറ്റം. പിന്നീട് നടനായും സഹനടനായും വില്ലനായും തിളങ്ങി നിന്ന ബിജു മേനോൻ 2024-ൽ സിനിമയിലെത്തിയിട്ട് മുപ്പത് വർഷങ്ങൾ പൂർത്തിയാക്കുകയാണ്.

90 കളിലെ സിനിമയിലെ ബിജു മേനോൻ എന്ന നടനെ 'പ്രണയി'ക്കാത്തവരുണ്ടാകില്ല. മേഘമൽഹാർ, മഴ, പ്രണയവർണങ്ങൾ എന്നീ ചിത്രങ്ങളിലെ 'കാമുകനെ' അത്ര പെട്ടന്നൊന്നും ആരും മറക്കാൻ ഇടയില്ല. ബിജു മേനോൻ എന്ന നടനിലെ പ്രണയനിമിഷങ്ങൾ ഒപ്പിയെടുത്ത ചിത്രങ്ങൾ ആയിരുന്നു ഇത്. നടനെ, നടനായി പരുവപ്പെടുത്താനും ഈ സിനിമകൾ ഏറെ സഹായിച്ചിട്ടുണ്ട്. എത്ര ക്രൂരനായ വില്ലനായി അഭിനയിച്ചാലും ബിജു മേനോന് മലയാളി പ്രേക്ഷകർക്ക് ഉള്ള ഇഷ്ടം ഒളിമങ്ങാതെ നിൽക്കുന്നതിനും ഈ പ്രണയ ചിത്രങ്ങൾ കാരണമായിട്ടുണ്ട്.

വർഷം ഇത്ര കഴിഞ്ഞെങ്കിലും ബിജു മേനോൻ എന്ന താരത്തിനുള്ളിലെ 'നടന്' ഇപ്പോഴും വയസ്സായിട്ടില്ല. സമീപ കാലത്തിറങ്ങിയ ഗരുഡൻ, തങ്കം, ആർക്കറിയാം, അയ്യപ്പനും കോശിയും, രക്ഷാധികാരി ബൈജു, അനുരാഗ കരിക്കിൻ വെള്ളം, അനാർക്കലി എന്നീ സിനിമകളെല്ലാം അതിനുദാഹരണമാണ്. ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘തലവൻ’ ആണ് ബിജു മേനോന്റെ ഏറ്റവും പുതിയ ചിത്രം. ആസിഫ് അലിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇപ്പോഴിതാ സിനിമയിലെ തന്റെ മുപ്പത് വർഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ബിജു മേനോൻ. എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുന്ന സമയത്താണ് സിനിമയിലെത്തുന്നതെന്നും പിന്നീടാണ് ജീവിതമാർഗ്ഗം സിനിമയാണെന്ന് തിരിച്ചറിയുന്നതെന്നുമാണ് ബിജു മേനോൻ പറയുന്നത്. തലവൻ എന്ന സിനിമയുടെ പ്രസ് മീറ്റിനിടെയായിരുന്നു ബിജു മേനോൻ തന്റെ മുപ്പത് വർഷത്തെ അഭിനയ ജീവിതത്തെ കുറിച്ച് മനസ് തുറന്നത്.

'ഒരുപാട് സന്തോഷമുണ്ട് ഇവിടെ വരെയെത്തിയതിൽ. മുപ്പത് വർഷത്തെ യാത്ര ഒട്ടും പ്രതീക്ഷിക്കാതെ തുടങ്ങിയതാണ്. അന്നൊന്നും ഒട്ടും സീരിയസ് ആയിരുന്നില്ല. എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുന്ന സമയത്താണ് സിനിമയിലെത്തിയത്. സിനിമയിൽ വന്ന് കുറേ കാലം കഴിഞ്ഞ് നമ്മുടെ ജീവിത മാർ​ഗം ഇതാണെന്ന് തിരിച്ചറിഞ്ഞു. കുറച്ചു കൂടി സിനിമയെ സീരിയസായി കാണാനും സ്നേഹിക്കാനും തുടങ്ങി. വളരെ സന്തോഷം, എല്ലാം ഒരു ഭാ​ഗ്യമായി കരുതുന്നു', എന്നദ്ദേഹം പറഞ്ഞു.

Aparna
Aparna  

Related Articles

Next Story
Share it