Latest News
അങ്ങനെ എന്റെ മകളോട് ആരും ഒരിക്കലും ചോദിക്കരുത്: ആര്യ
മലയാളികൾക്ക് പ്രിയങ്കരിയായ നടിയും അവതാരികയുമാണ് ആര്യ ബഡായി എന്നറിയപ്പെടുന്ന ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യക്ക് ആ പേര് കിട്ടുന്നത് തന്നെ. പിന്നീട് ബിഗ് ബോസിലും മത്സരാർത്ഥിയായി ആര്യ എത്തിയിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിന് ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ആര്യ.
ജീവിതത്തിലുണ്ടായ ബ്രേക്കപ്പ് തന്നെ വിഷാദത്തിലാക്കിയെന്നും, അതിൽ നിന്നും പുറത്ത് കടക്കാൻ കഷ്ടപ്പെട്ടെന്നും പറഞ്ഞ ആര്യ, തനിക്ക് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നതായും തുറന്നുപറഞ്ഞു.
“ഡിപ്രഷൻ വന്ന സമയത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. സ്ലീപ്പിംഗ് പിൽസ് കഴിച്ചു. ആത്മഹത്യാ ചിന്തയായിരുന്നു. അതിൽ നിന്നും എന്നെ പുറത്തേക്ക് കൊണ്ടു വന്നത് മകളാണ്. അത്രയും വേദനയിൽ നിൽക്കുമ്പോൾ എങ്ങനെ ഇതിൽ നിന്നും പുറത്തു കടക്കാം, ഈ വേദന എങ്ങനെ കളയാം എന്നുള്ളത് മാത്രമേ ചിന്തിക്കൂ. അപ്പോൾ ചത്തു കളയാം എന്ന ഓപ്ഷനേ മുന്നിൽ കാണൂ. ലോക്ക്ഡൗണിന്റെ സമയത്താണ് ഞാനീ അവസ്ഥയിലാകുന്നത്. സംസാരിക്കാൻ ആരുമില്ല. എല്ലാവരും വീടുകളിലാണ്.
അങ്ങനെ ഇരിക്കുന്ന സമയത്ത് ഞാൻ കാണുന്നത് എന്റെ കുഞ്ഞിനെ മാത്രമാണ്. അങ്ങനെയിരിക്കെ ഏതോ ഒരു പോയന്റിൽ തോന്നി, കുട്ടിയെ എന്ത് ചെയ്യും? എന്റെ അച്ഛനില്ല. അച്ഛനുണ്ടായിരുന്നുവെങ്കിൽ ഞാൻ ആത്മഹത്യ ചെയ്‌തേനെ. ഒരാൾ അവിടെയുണ്ടല്ലോ എന്ന തോന്നൽ ഉണ്ടായേനെ. പക്ഷെ ഇവിടെ അച്ഛനില്ല. ഞാൻ, അമ്മ, അനിയത്തി, എന്റെ കുഞ്ഞ്. അവർക്കൊരു സപ്പോർട്ട് സിസ്റ്റം ഞാനാണ്. ഞാൻ പോയാൽ അവരെന്ത് ചെയ്യും? എന്റെ കുഞ്ഞ് എന്ത് ചെയ്യും?
കുഞ്ഞിനെ അവളുടെ അച്ഛൻ പൊന്നു പോലെ നോക്കും. അതെനിക്ക് അറിയാം. എന്നാൽ പോലും നാളെ അവളോട് എല്ലാരും ചോദിക്കില്ലേ പ്രണയ നൈരാശ്യം കാരണം അമ്മ ആത്മഹത്യ ചെയ്തതല്ലേ എന്ന്. അങ്ങനെ കുറേ ചിന്തകൾ വന്നു. പിന്നെ ഞാൻ സംസാരിക്കാൻ തുടങ്ങി. സുഹൃത്തുക്കളോട് സംസാരിച്ചു. പിന്നെ അവർ എന്നെ സഹായിച്ചു. സുഹൃത്തുക്കളും അമ്മയും സഹോദരിയുമൊക്കെ സഹായിച്ചു. സംസാരിക്കാൻ തുടങ്ങിയതോടെയാണ് തിരികെ ട്രാക്കിലേക്ക് വന്നത്. അവരൊക്കെ ചേർന്നാണ് എന്നെ തിരിച്ചു കൊണ്ടു വന്നത്.
ഞാൻ ഭയങ്കര ഇമോഷണലായ വ്യക്തിയാണ്. ഇത്രയും മോശം ബ്രേക്കപ്പ് സർവൈസ് ചെയ്തു, തകർന്ന ദാമ്പത്യ ജീവിതം സർവൈസ് ചെയ്തു, അച്ഛന്റെ മരണം സർവൈവ് ചെയ്തു. ഇതൊക്കെ കൊണ്ടാകും ആളുകൾ എന്നെ ബോൾഡ് എന്ന് വിളിക്കുന്നത്. സത്യത്തിൽ ഞാൻ ഭയങ്കര ഇമോഷണലാണ്. ചെറിയ ചെറിയ കാര്യങ്ങളിൽ വിഷമം തോന്നും. എന്നാൽ എന്നെ സന്തോഷിപ്പിക്കാനും ഭയങ്കര എളുപ്പമാണ്. ചെറിയ ചെറിയ കാര്യങ്ങളിൽ ഞാൻ സന്തോഷം കണ്ടെത്തും.” എന്നാണ് വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആര്യ പറഞ്ഞത്.