Connect with us

Latest News

ഞാൻ ഇന്ന് ഒരു പാൻ ഇന്ത്യൻ ആക്ടർ ആണ്: കമൽ ഹാസൻ

താനൊരു കേരള പ്രൊഡക്ട് ആണെന്ന് കമൽ ഹാസൻ. തന്റെ പേരിന്റെ താഴെ മെയ്ഡ് ഇൻ കേരള എന്ന് ചേർത്താൽ ഒരു തെറ്റുമില്ലെന്നും ഇന്ത്യയിലെ പല ഭാഗങ്ങളിലുള്ള വിദഗ്ദരുടെ അടുത്ത് കൊടുത്തുണ്ടായ ഒരു പ്രൊഡക്ടാണ് താനെന്നും കമൽ ഹാസൻ പറയുന്നു. തമിഴ്‌നാട്ടിൽ മാത്രമല്ല പല ഭാഗങ്ങളിലായി പല എക്സ്പേർട്ട്സിന്റെ അടുത്തുമെല്ലാം കൊടുത്ത് ഉണ്ടായ ഒരു പ്രൊഡക്റ്റാണ് താനെന്നും അതുകൊണ്ടാണ് ഇന്നിപ്പോൾ ഞാനൊരു പാൻ ഇന്ത്യൻ ആക്ടറായി ഇവിടെ നിൽക്കുന്നതെന്നും കമൽ ഹാസൻ പറയുന്നു.

കമൽ ഹാസൻ- ശങ്കർ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ‘ഇന്ത്യൻ 2’വിന്റെ പ്രസ് മീറ്റിനിടെയാണ് കമൽ ഹാസൻ ഇക്കാര്യം പറഞ്ഞത്. ഇന്ത്യൻ 2 വിൽ ഒരുപാട് ടെക്നീഷ്യന്മാരുടെ പ്രയത്നമുണ്ടെന്നും, അവരൊന്നുമില്ലാതെ ഈ ചിത്രം പൂർത്തിയാവില്ലെന്നും കമൽ ഹാസൻ പറയുന്നു.

“എനിക്ക് കേരളത്തിൽ നിരവധി സുഹൃത്തുക്കളും നിരൂപകരുമുണ്ട്. അവരാണ് ഇന്നത്തെ എന്നെ ഉരുവാക്കിയെടുത്തത്. ഒരു സാധനം എവിടെയാണ് ഉണ്ടാക്കിയത് എന്ന് പറയുമല്ലോ. അങ്ങനെ എന്റെ പേരിന്റെ താഴെ മെയ്ഡ് ഇൻ കേരള എന്ന് ചേർത്താൽ അതിൽ ഒരു തെറ്റുമില്ല.
കമൽഹാസന്റേയും ഷങ്കറിന്റേയും ചിത്രമാണെന്നൊക്കെ ചിത്രത്തിന്റെ പോസ്റ്ററിൽ അടിക്കാം. പക്ഷേ ഈ ചിത്രത്തിന്റെ പിന്നണിയിൽ ഒരുപാട് ടെക്‌നീഷ്യൻമാർ പ്രവർത്തിച്ചിട്ടുണ്ട്. അവരൊന്നുമില്ലാതെ ഈ ചിത്രം പൂർത്തിയാകില്ല.

ഇന്ത്യൻ2 വിലുള്ള നിങ്ങളുടെ പ്രതീക്ഷയും ഞങ്ങളുടെ ആഗ്രഹവും പോലെയാകട്ടെ എന്നാണ്. ഞങ്ങൾ അറിയാവുന്ന വിദ്യകളെല്ലാം കാണിച്ചിട്ടുണ്ട്. നിങ്ങൾക്ക് ഇഷ്ടമാകുമെന്നാണ് കരുതുന്നത്. മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട നടനാണ് നെടുമുടി വേണു. ഇന്ത്യൻ1 ന്റെ സമയത്തും ഞാൻ പറഞ്ഞ കാര്യമായിരുന്നു അത്. സിനിമയുടെ ആഘോഷത്തിനായി ഇവിടെ നിന്ന് കാണാമെന്നാണ് പറഞ്ഞത്. അദ്ദേഹം ഇവിടെ ഇല്ലായെന്ന് എനിക്കറിയാം പക്ഷേ ഞാൻ അദ്ദേഹത്തെ ഇവിടെ കാണുന്നുണ്ട്.” എന്നായിരുന്നു കമൽ ഹാസൻ പറഞ്ഞത്.

അതേസമയം ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കമൽ ഹാസൻ നായകനായെത്തുന്ന ശങ്കർ ചിത്രം ‘ഇന്ത്യൻ 2’. 1996-ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ സീക്വലാണ് ഈ ചിത്രമെന്ന പ്രത്യേകതയുമുണ്ട്. സേനാപതി എന്ന സ്വാതന്ത്ര്യ സമര നായകനായാണ് ചിത്രത്തിൽ കമൽഹാസൻ എത്തുന്നത്.

More in Latest News

To Top