Connect with us

ഓർമയിൽ ബാലഭാസ്കറിന് ഒരു പിറന്നാൾ ദിനം കൂടി

Latest News

ഓർമയിൽ ബാലഭാസ്കറിന് ഒരു പിറന്നാൾ ദിനം കൂടി

‘വയലിനിസ്റ്റ് ബാലഭാസ്കർ’! വയലിൻ സംഗീതത്തിന്റെ എല്ലാ അർഥങ്ങളും ഈ പേരിലുണ്ട്. സംഗീതം എന്ന മൂന്നക്ഷരമായിരുന്നു ബാലഭാസ്കറിന്റെ ജീവശ്വാസം. ഓരോ ഇരുത്തങ്ങളിലും ചർച്ചകളിലും ബാലഭാസ്കർ എന്ന ബാലു സംസാരിച്ചിരുന്നതും അതു തന്നെ. വയലിൻ കമ്പികൾകൊണ്ട് മാന്ത്രിക സംഗീതത്തിന്റെ അനന്തവിഹായസ്സിലേയ്ക്ക് ചിറകു വിടർത്തിയ പകരക്കാരനില്ലാത്ത പ്രതിഭ.

എല്ലാ താളവും ശ്രുതിയും പാതിവഴിയിൽ ഉപേക്ഷിച്ച് സംഗീതലോകത്തോടു യാത്ര പോലും പറയാതെ ബാലു മറഞ്ഞപ്പോൾ അനാഥമായത് അക്ഷരാർഥത്തിൽ വയലിൻ സംഗീതമാണ്. ഒത്തുകൂടലുകളും ആഘോഷങ്ങളും ഏറെ ഇഷ്ടപ്പെട്ടിരുന്ന ബാലു പോയതോടെ കൈചേർത്തു പിടിച്ച് കൂടെ നടന്നവരുടെ സന്തോഷങ്ങളും അവസാനിച്ചു. ബാലഭാസ്കറും കുടുംബവും വാഹനാപകടത്തിൽപ്പെട്ടുവെന്ന വാർത്ത കേട്ട് ഞെട്ടലോടെയാണ് 2018 സെപ്റ്റംബർ 25ന് കേരളം ഉണർന്നത്.

ഈണവും താളവും മുറിയാതെ ശ്രുതിമീട്ടി വീണ്ടും ബാലു തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കേരളം കാത്തിരുന്നു. എന്നാൽ പ്രാർഥനകൾ വിഫലമാക്കി ഒക്ടോബർ രണ്ട് നാടിനെ കണ്ണീരണിയിച്ചു. ബാലഭാസ്കറിനെ കുറിച്ച് എഴുതിയും പറഞ്ഞും ഇനിയും മതിയായില്ലേ എന്നു ചോദിക്കുന്നവരോട് ഒരു ഉത്തരമേ പ്രിയപ്പെട്ടവർക്കുള്ളൂ. ‘ഇല്ല… ഒരു ജൻമത്തിന്റെ ഓർമകൾ സമ്മാനിച്ചാണ് ബാലു മടങ്ങിയത്. ആ ഓർമകൾക്കു മരണമില്ല’.

ബാലഭാസ്കറിന്റെ കയ്യിലിരുന്നാവും പലരും വ്യത്യസ്തമായ വയലിനുകൾ കാണുന്നത്. വേദികളിൽ ബാലു ഇന്ദ്രജാലം തീർക്കുമ്പോൾ ആ നിർവൃതിയിൽ കണ്ണുനിറയുന്ന എത്രയോ കാണികളെ കാണാം. അത്രമാത്രം ഹൃദ്യമായിരുന്നു ബാലുവിന്റെ സംഗീതം. അത് ഹൃദയങ്ങളെയാണ് ചെന്നുതൊട്ടത്. കേരളത്തിൽ ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയത് ബാലഭാസ്കർ ആയിരുന്നു. ഫ്യൂഷൻ സംഗീതത്തിന്റെ അനന്തസാധ്യതകളാണ് ആ മാന്ത്രിക വിരലുകളിൽ വിരിഞ്ഞത്. എന്നും കേൾക്കാൻ കൊതിക്കുന്ന സുന്ദര ഗാനങ്ങൾ ബാലു വയലിനിൽ മീട്ടുമ്പോൾ അതിൽ അലിഞ്ഞ് ഇല്ലാതെയാകുന്നു.

കണ്ണുകൾ പൂട്ടി ചെറുചിരിയോടെ ബാലഭാസ്കർ വേദിയിൽ സംഗീതത്തിന്റെ മായാലോകം തീർക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയെന്ന് ലോകമെമ്പാടുമുള്ള പാട്ടാസ്വാദകര്‍ പറഞ്ഞുകൊണ്ടേയിരുന്നു. വേദികളിലും അഭിമുഖങ്ങളിലുമൊക്കെ ലാളിത്യം നിറഞ്ഞ ഭാവമായിരുന്നു ബാലഭാസ്കറിന്. പക്ഷേ പറയാനുള്ളത് പലതും തുറന്നു പറയുകയും ചെയ്തിരുന്നു. വ്യക്തിപരമായും കലാരംഗത്തും നേരിടേണ്ടിവന്ന പലതിനെ പറ്റിയും ബാലഭാസ്കർ തുറന്നു പറഞ്ഞിട്ടുണ്ട്. അങ്ങനെ ആനന്ദിപ്പിച്ച, അമ്പരപ്പിച്ച കലാകാരനാണ് ഇപ്പോൾ അറിയുന്ന ഓരോരുത്തരുടെയും മനസ്സിൽ നോവായി മടങ്ങിയത്.

 

author avatar
naseeba naseeba
Continue Reading

More in Latest News

To Top